ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് സി. സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ നിർണായക നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. ഒരാൾക്ക് കലയിലോ സാമൂഹിക സേവനത്തിലോ ഉള്ള വൈദഗ്ധ്യം എത്രത്തോളമുണ്ടെന്ന് പരിശോധിക്കാൻ കോടതിക്ക് സാങ്കേതികമായി കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ വർഷം രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത നാല് പ്രമുഖരിൽ ഒരാളായിരുന്നു സി. സദാനന്ദൻ മാസ്റ്റർ. എന്നാൽ, ഭരണഘടനയുടെ 80(3) അനുച്ഛേദം അനുശാസിക്കുന്ന തരത്തിലുള്ള പ്രത്യേക അറിവോ പ്രായോഗിക പരിചയമോ അദ്ദേഹത്തിന് ഇല്ലെന്നും കേവലം രാഷ്ട്രീയ താത്പര്യത്തിന്റെ പേരിലാണ് ഈ നിയമനമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ സുഭാഷ് തെക്കേടൻ ആണ് കോടതിയെ സമീപിച്ചത്.
രാഷ്ട്രപതിയുടെ വിവേചനാധികാരത്തിൽ ഉൾപ്പെടുന്ന ഇത്തരം നിയമനങ്ങളിൽ ഇടപെടാൻ കോടതിക്ക് പരിമിതികളുണ്ടെന്ന് ബെഞ്ച് സൂചിപ്പിച്ചു. സദാനന്ദൻ മാസ്റ്റർക്കൊപ്പം നാമനിർദ്ദേശം ചെയ്യപ്പെട്ട ഉജ്ജ്വൽ നികം, ഹർഷ വർദ്ധൻ ശൃംഗ്ല, ഡോ. മീനാക്ഷി ജെയിൻ എന്നിവരുടെ കാര്യത്തിലും സമാനമായ ചോദ്യങ്ങൾ ഹർജിക്കാരൻ ഉയർത്തിയിട്ടുണ്ട്. എന്നാൽ പ്രാഥമിക ഘട്ടത്തിൽ ഹർജിയിലെ വാദങ്ങൾ നിലനിൽക്കുമോ എന്ന കാര്യത്തിൽ കോടതി പിന്നീട് ഉത്തരവ് പുറപ്പെടുവിക്കും.
കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ ഇരു കാലുകളും നഷ്ടപ്പെട്ട സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലെത്തിച്ചത് ബിജെപിയുടെ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെട്ടിരുന്നത്.